Friday, August 25, 2006

പ്രതിവാദി

വത്സലന്‍ വാതുശ്ശേരി

വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ടു കിടന്ന അനാഥവൃദ്ധനെ താങ്ങിയെടുത്ത്‌ വീട്ടിലേക്ക്‌ നടക്കെ കുഞ്ഞിരാമന്‍ ആത്മഗതം ചെയ്തു."ഇങ്ങനെയൊക്കെ ചെയ്യാന്‍ മനുഷ്യന്മാര്‍ക്ക്‌ എങ്ങനെ മനസ്സു വരുന്നു. മന:സാക്ഷി എന്നൊന്നില്ലേ അവന്മാര്‍ക്ക്‌".

ഭാര്യയുമായി കൂടിയാലോചിച്ച്‌ കുഞ്ഞിരാമന്‍ ഒരു തീരുമാനത്തിലെത്തി. ഈ വൃദ്ധന്‍ നമ്മുടെ കൂടെ നില്‍ക്കട്ടെ. ഉള്ളതെന്തോ അതിലൊരു പങ്ക്‌ അങ്ങേര്‍ക്കു കൊടുത്താല്‍ മതിയല്ലോ.

അത്താഴത്തിനു വെച്ച കഞ്ഞി മൂന്ന്‌ പങ്കാക്കി അതിലൊരു പങ്കുമായി കുഞ്ഞിരാമന്‍ ആ അഭയാര്‍ത്ഥിയെ സമീപിച്ചു.

കഞ്ഞിപ്പാത്രത്തിലേക്ക്‌ അതൃപ്തിയോടെ നോട്ടമെറിഞ്ഞുകൊണ്ട്‌ അയാള്‍ പറഞ്ഞു.

"രാത്രി ഞാന്‍ കഞ്ഞി കുടിക്കാറില്ല. ചപ്പാത്തിയും കോഴിയിറച്ചിയുമാ..."

കുഞ്ഞിരാമനും ഭാര്യയും ചേര്‍ന്ന്‌ അയാളെ വീണ്ടും വഴിവക്കില്‍ കൊണ്ടുപോയി കിടത്തി.

നേരം പുലര്‍ന്ന്‌ വാതില്‍ തുറക്കുമ്പോള്‍ മുറ്റം നിറയെ സമാധാനകാംക്ഷികളായ നാട്ടുകാരാണ്‌. അവര്‍ കുഞ്ഞിരാമനു നേര്‍ക്ക്‌ ആക്രോശിച്ചു. "മന:സാക്ഷിയെൊരു സാധനമില്ലേടാ നിനക്ക്‌. ഒന്നിനും വയ്യാത്ത ഈ പാവത്തെ വഴിയില്‍ കൊണ്ടുപോയിടാന്‍ എങ്ങനെ മനസ്സു വന്നു?"

23 comments:

വേണു venu said...

നല്ല കഥ.നന്നായെഴുതിയിരിക്കുന്നു.
വേണു.

-B- said...

വാദി പ്രതിയായല്ലേ. നന്നായിരിക്കുന്നു. :)

സു | Su said...

നല്ല കഥ. മാഷാണോ അപ്പോ കഥയെഴുതുന്നത്? കുഞ്ഞുങ്ങളല്ലേ ?

വല്യമ്മായി said...

നല്ല കഥ
ഇനിയുമെഴുതൂ

ബിന്ദു said...

വളരെ നന്നായിരിക്കുന്നു. ഉപകാരം ചെയ്യുമ്പോള്‍ രണ്ട് വട്ടം ആലോചിച്ചിട്ടു വേണം അല്ലേ? :)

Raghavan P K said...

നല്ല തുടക്കം.
കരുത്തുള്ള ഒരു കഥ.
ഭാവുകാശംസകള്‍‌ !
പി കെ രാഘവന്‍‌

കരീം മാഷ്‌ said...

കഥ നന്നായിരിക്കുന്നു. പക്ഷെ ഇത്തരം കഥകള്‍ വായിക്കുമ്പോല്‍ ഭൂമിയില്‍ നന്മയുടെ അംശം കുറഞ്ഞു വരില്ലേ എന്നാലോചിച്ചു ഞാന്‍ വിഷമിക്കാറുണ്ട്‌.

റീനി said...

വത്സലാ, ഇത്‌ ഒരു തു
ടക്കം മാത്രമല്ലേ? നല്ല കഥ.

കരിം മാഷെ, വിഷമിക്കാതിരിക്കു. ഇത്‌ വെറും കഥയല്ലേ.

Rasheed Chalil said...

നല്ല കഥ.. കരീം മാഷേ.. എല്ലാം നിസംഗതയോടെ കാണാത്തവനു ജീവിക്കാന്‍ പാടാ..

asdfasdf asfdasdf said...

നല്ല കഥ. കഥാകാരന്റെ പേര് എവിടെയൊ കേട്ട പോലെ..

അഭയാര്‍ത്ഥി said...

എഴുതി തെളിഞ്ഞവരുടെ സാനിദ്ധ്യം കൊണ്ട്‌ ബൂലോഗം ധന്യമാകുന്നു.
വല്‍സലന്‍ വാതുശ്ശേരിയുടെ വാക്കുകളാല്‍ വാഴ്ത്തപ്പെട്ടിരിക്കുന്നു ബൂലോഗം

അഭയാര്‍ത്ഥി said...

ആനുകാലികങ്ങളിലെല്ലാം എഴുതുന്ന അംഗീകരിക്കപ്പെട്ട കഥാകൃത്താണ്‌ വല്‍സലന്‍ വാതുശ്ശേരി.

വൈറസ്സുകള്‍ പോലെ പെരുകുന്ന കമെന്റുകള്‍ക്കിടയില്‍ ഇക്കഥ ആരും കാണാതെ പോയോ ആവൊ-

വെള്ളിയാംകുന്നും, അല്‍ഫോന്‍സച്ചനും , കുമാരനും കണാരേട്ടനുമൊക്കെ ഉണ്ടായിരുന്ന മാഹിയിലെ പിന്മുറക്കാരെ- ഇനിയും സര്‍ഗ സൃഷ്ടികള്‍ക്കായി കാക്കുന്നു.

ശ്രീനിവാസന്റെ ഒരു കഥാപാത്രം മാഹിയെക്കുറിച്ച്‌ നമ്മെ ഓര്‍മപ്പെടുത്തുന്നു:---

"മച്ചുന നാനു നാനു"

മാഹിയിലേക്ക്‌ സംക്രമിച്ച ഫ്രെഞ്ച്‌ സംസ്കാരത്തിന്റെ ഓര്‍മപ്പെടുത്തലാണത്‌.

Visala Manaskan said...

നല്ല കഥ. വളരെ ഇഷ്ടമായി.

(ഞാന്‍ ഇന്നലെ വച്ച കമന്റ് എങ്ങോട്ട് പോയോ ആവോ?)

ദേവന്‍ said...

മലയാറ്റൂര്‍ അവാര്‍ഡ്‌ നേടിയ വാര്‍ഷികരേഖയുടെ കര്‍ത്താവ്‌ ഡോ. വത്സലന്‍ വാതുശ്ശേരി ആയിരുന്നോ ഈ ബ്ലോഗ്ഗര്‍?

അദ്ദേഹത്തിന്റെ പ്രസിദ്ദീകരിക്കപ്പെട്ട കഥ ഇവിടുത്തെ കുട്ടികള്‍ ഒന്നുകൂടി പബ്ലീഷ്‌ ചെയ്തെന്നാണു കരുതിയത്‌!!

രാജാവു് said...

ഡോ. വത്സലന്‍ വാതുശ്ശേരി ആയിരുന്നോ ഈ ബ്ലോഗ്ഗര്‍?
അതായിരിക്കും.അദ്ദേഹമെന്നു തോന്നുന്നു.അങനവാനേ ഒക്കൂ.ദേവരാഗം.
കാരണം കമ്മെന്‍റുകളുടെ എണ്ണം കൊണ്ടു തന്നെ.
രാജാവു്.

കണ്ണൂസ്‌ said...

ഡോ. വത്‌സലന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കഥയായിരിക്കും ഇതെന്ന് തോന്നുന്നില്ല. അദ്ദേഹം തമാശക്കെഴുതിയ കുട്ടിക്കഥ പോലുണ്ട്‌ ഇത്‌.

പ്രശസ്തരും എഴുതിത്തെളിഞ്ഞവരുമായവരുടെ രചനകള്‍ പ്രതിഫലിപ്പിക്കുന്നതിനേക്കാള്‍, നിങ്ങള്‍ക്കിടയിലുള്ളവരുടെ രചനകള്‍ തന്നെ ഇവിടെ ഇട്ടുകൂടേ സുഹൃത്തുക്കളേ?

മഹേഷ് said...

കമന്‍റിയ എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും നന്ദി.

തുടക്കത്തില്‍ ഒരു വെടിക്കെട്ടു വേണമല്ലോ.ഞങ്ങളുടെ അദ്ധ്യാപകന്‍ ഡോ.വത്സലന്‍ വാതുശ്ശേരിയുടെ കഥ അതിനായി പ്രസിദ്ധീകരിച്ചതാണ്.

വിദ്യാര്‍ത്ഥികളുടെ രചനകളുമായി ഞങ്ങള്‍ ഇനി സജീവമാകുകയാണ്.

മനോജ് കുമാർ വട്ടക്കാട്ട് said...

വല്‍സലന്‍ വാതുശ്ശേരി.
മാത്രുഭൂമി വാരികയില്‍ നിന്നും വായിച്ചറിഞ്ഞ കഥാകാരന്‍.
ഒരു ഫുട്ബാള്‍ ഗ്രൗണ്ടിലെ ഫ്ലഡ്ലലിറ്റ്‌ ടവറില്‍ കയറി ആത്മഹത്യയ്ക്കൊരുങ്ങുന്ന ഒരുവന്റെ ആത്മഗതം എനിക്കേറെ ഇഷ്ടമായ ഒരു കഥയായിരുന്നു. (ഓര്‍മകള്‍ തെറ്റിയിട്ടില്ലെങ്കില്‍ അത്‌ വല്‍സലന്‍ ആയിരുന്നു എഴുതിയത്‌ എന്ന് തോനുന്നു)

Anonymous said...

നാരായണാ,

മന്ദബുദ്ധികളാണെങ്കിലും വാദ്ധ്യാന്മാര്‍ക്കും ജീവിക്കണ്ടേ? ജീവിച്ചുപോട്ട്‌ നാരയണാ

പ്രജിത്ത്‌

ചന്ത്രക്കാറന്‍ said...

ഇവിടമൊന്ന് (http://boologaclub.blogspot.com/2006/08/blog-post_115567221858952072.html)സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയുംചെയ്യുന്നത്‌ നന്നായിരിക്കും. മലയാളത്ത്ന്റെ ഏറ്റവും പുതിയ തലമുറ ഭാഷാവിവാദത്തില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാന്‍ താല്‍പ്പര്യമുണ്ട്‌. സാങ്കേതികമായ സംശയങ്ങളുണ്ടെങ്കില്‍ സിബുവിന്റെ വിക്കിലേഖനം വായിക്കുക.

ചന്ത്രക്കാറന്‍ said...

ഇവിടമൊന്ന് സന്ദര്‍ശിക്കുകയും (http://boologaclub.blogspot.com/2006/08/blog-post_115567221858952072.html) അഭിപ്രായങ്ങള്‍ അറിയിക്കുകയുംചെയ്യുന്നത്‌ നന്നായിരിക്കും. മലയാളത്ത്ന്റെ ഏറ്റവും പുതിയ തലമുറ ഭാഷാവിവാദത്തില്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാന്‍ താല്‍പ്പര്യമുണ്ട്‌. സാങ്കേതികമായ സംശയങ്ങളുണ്ടെങ്കില്‍ സിബുവിന്റെ വിക്കിലേഖനം വായിക്കുക.

Santhosh said...

ബഹുമാന്യനായ ശ്രീ. വത്സലന്‍ വാതുശ്ശേരിക്കും അദ്ദേഹത്തിന്‍റെ വിദ്യാര്‍ഥികള്‍ക്കും ബൂലോഗത്തിലേയ്ക്ക് സ്വാഗതം.

സഫല്‍ said...

വത്സലന്‍ മാഷുടെ നല്ല കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .."ഴാവേര്‍" പോലെ