Wednesday, November 25, 2009

അലൂമ്നി മീറ്റ് വീഡിയോ

മാഹി കോളേജില്‍ കഴിഞ്ഞ വര്‍ഷം നടന്ന അലൂമ്നി മീറ്റിന്റെ വീഡിയോ ഡിവിഡി ഇപ്പോള്‍ ലഭ്യമാണു്. മയ്യഴി ആനവാതുക്കലെ സണ്‍ വീഡിയോസില്‍ കോപ്പികള്‍ കിട്ടും.
സുരേഷ് കെ.കെ ഡിസൈന്‍ ചെയ്ത കവറില്‍ അതിമനോഹരമായി പായ്ക്ക് ചെയ്ത ഡിവിഡിയുടെ കോപ്പി ആവശ്യമെങ്കില്‍ എത്രയും പെട്ടെന്നു തന്നെ സണ്‍ വീഡിയോസില്‍ നിന്നും ശേഖരിക്കുക.

Monday, June 23, 2008

അലൂമ്നി അസോസിയേഷന്‍ ജനറല്‍ബോഡിയോഗം

സുഹൃത്തേ,
മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പൊതുവേദി എന്ന നിലയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണല്ലോ. സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കാനും കോളേജിന്റെ ബഹുമുഖമായ പുരോഗതിയില്‍ ക്രിയാത്മകമായി പങ്കാളിയാകാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഫെബ്രവരി മാസത്തില്‍ അലൂമ്‌നി മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ , അലൂമ്‌നി മീറ്റിനു ശേഷം സംഘടന എം .ജി. ജി. എ. സി അലൂമ്‌നി അസോസിയേഷന്‍ എന്ന പേരില്‍ പുന:സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ ജനറല്‍ബോഡിയോഗം 2008 ജൂലായ് 6 ന് കാലത്ത് 10 മണിക്ക് മയ്യഴി ജവഹര്‍ലാല്‍ നെഹ്രു ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ യോഗം നേരത്തെയുള്ള സംഘടനയുടെ അവസാനത്തെ ജനറല്‍ബോഡിയോഗവും പുതിയ സംഘടനയുടെ ആദ്യത്തെ യോഗവും ആയിട്ടാണ് സംഘടിപ്പിക്കുന്നത്. യോഗത്തിന്റെ ആജണ്ട ചുവടെ കൊടുത്തിട്ടുണ്ട്. താങ്കള്‍ ഇതിനകം പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയില്‍ അംഗത്വം നേടിയിട്ടില്ലെങ്കില്‍ യോഗത്തിനു മുമ്പ് അംഗത്വം എടുക്കണമെന്ന് താല്പര്യപ്പെടുന്നു. ഭരണഘടന സംഘടനയുടെ വെബ്ബ് സൈറ്റ് www.mggacalumni.org ല്‍ കൊടുത്തിട്ടുണ്ട്.

അജണ്ട:
1. അനുശോചനപ്രമേയം
2. സംഘടനാരൂപീകരണപ്രമേയാവതരണം
3.ഭാരവാഹികളെ തെരഞ്ഞെടുക്കല്‍
4. തുടര്‍പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചര്‍ച്ച
5. മറ്റു വിഷയങ്ങള്‍
  • അലൂമ്‌നി മീറ്റിന്റെ വീഡിയോ സിഡി /ഡിവിഡി യോഗത്തില്‍ പ്രകാശനം ചെയ്യുന്നതാണ്. ആജീവനാന്തഅംഗങ്ങള്‍ക്ക് ഇത് സൗജന്യമായി നല്കുന്നതാണ്.
  • അംഗത്വഫോമിനും വിശദാംശങ്ങള്‍ക്കും ചുവടെ ചേര്‍ത്ത നമ്പറുകളില്‍ അന്വേഷിക്കുക. അലൂമ്‌നി മീറ്റില്‍ അംഗത്വഫോം പൂരിപ്പിച്ചു നല്കിയവര്‍ അംഗത്വഫീസ് യോഗത്തിനു മുമ്പ് അടക്കേണ്ടതാണ്.
  • അലൂമ്‌നി മീറ്റില്‍ പങ്കെടുത്ത് പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്കും നേരത്തെ അംഗമായവര്‍ക്കുമാണ് കത്ത് അയക്കുന്നത്. താങ്കളുടെ സുഹൃത്തുക്കളോട് ജനറല്‍ബോഡിയെക്കുറിച്ച് പറയുക. സംഘടനയില്‍ അംഗമാകാനും യോഗത്തില്‍ പങ്കെടുക്കുവാനും അവരെ ക്ഷണിക്കുവാനുമുള്ള ഉത്തരവാദിത്തം താങ്കള്‍ തന്നെ ഏറ്റെടുക്കുക.

സി.എച്ച്.പ്രഭാകരന്‍, പ്രസിഡന്റ്. 94474-86763
അഡ്വ.എം.സിദ്ധാര്‍ത്ഥന്‍,സെക്രട്ടറി.94475-49886

Sunday, February 03, 2008

അല്യൂമ്‌നി ഡോട്ട് ഓര്‍ഗ്

മഹാത്മാഗാന്ധി ഗവ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഘടനയുടെ
ഔദ്യോഗിക വെബ്‌സൈറ്റ് ഫെബ്രവരി 3 ന് രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മയ്യഴി മുനിസിപ്പല്‍ കൌണ്‍‍‍സില്‍ വൈസ് ചെയര്‍മാന്‍ ശ്രീ.പി.പി.വിനോദ് ഉദ്ഘാടനം ചെയ്തു.

http://www.mggacalumni.org/ എന്നാണ് വെബ് വിലാസം

എം. ജി. ജി. എ. സി. അല്യൂമ്‌നി അസോസിയേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുന്ന സംഘടനയുടെ ഭരണഘടന ചര്‍ച്ചകള്‍ക്കായി വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ വൈകാതെ സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. സൈറ്റിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

mail@mggacalumni.org, mggacollege@yahoo.com
എന്നീവിലാസങ്ങളിലേക്ക് മെയില്‍ ചെയ്യുക.

Sunday, January 13, 2008

മാഹി കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന

മയ്യഴി മഹാത്മാഗാന്ധി ഗവ. കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന കഴിഞ്ഞ കുറച്ചു കാലമായി നിര്‍ജ്ജീവമായിരിക്കയായിരുന്നു. ഇപ്പോഴത്തെ ഭാരവാഹികള്‍ സംഘടനയ്ക്ക് പുതുജീവന്‍ നല്കാനും പുതിയ സാരഥികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ്. ഇക്കഴിഞ്ഞ ദിവസം മയ്യഴിയിലെ അലിയാന്‍സ് ഫ്രാന്‍സേസിലും ഇന്ന് മാഹി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലും ഇതിനായി യോഗം ചേരുകയുണ്ടായി. മയ്യഴിയുടെ പൊതുജീവിതത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെല്ലാം സന്നിഹിതരായ ഇന്നത്തെ യോഗത്തില്‍ വിവരം അറിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്ന മൂന്നു പേരും എത്തിയിരുന്നു.

ഇന്നത്തെ യോഗത്തില്‍ പങ്കെടുത്ത ഒന്നാമത്തെ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന പവിത്രന്‍ മുതല്‍ ഇക്കഴിഞ്ഞ വര്‍ഷം കോഴ്സു കഴിഞ്ഞിറങ്ങിയ അന്‍സില്‍ അരവിന്ദ് വരെയുള്ള എല്ലാവരും കോളേജ് ജീവിതകാലത്തെ ഓര്‍മ്മകളില്‍ ആഹ്ലാദഭരിതരായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള സമകാലികരായിരുന്നവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് സജീവവും അര്‍ത്ഥപൂര്‍ണ്ണവുമായ പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടന രൂപീകരിക്കാന്‍ നിശ്ചയിച്ചുകൊണ്ടാണ് യോഗനടപടികള്‍ പുരോഗമിച്ചത്.

കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പൊതുജീവിതത്തില്‍ ഉന്നതമായ സ്ഥാനത്ത് എത്തിച്ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്കിക്കൊണ്ട് ഫെബ്രവരിമാസം 16ന് വിപുലമായ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം ചാലക്കരയിലെ കോളേജ് ഗ്രൌണ്ടില്‍ ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു. പ്രസ്തുതയോഗത്തില്‍ കേരളസംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, മദിരാശി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.കെ.ശശിധരന്‍, മയ്യഴി മുനിസിപ്പല്‍ കൌണ്‍‍സില്‍ ചെയര്‍മാന്‍ ശ്രീ. രമേശ് പറമ്പത്ത് എന്നിവര്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

പൊതുജീവിതത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കാനാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ ഈ പോസ്റ്റ് തയ്യാറാക്കുന്നത്. പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുടെ വെബ് സൈറ്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
താങ്കള്‍ മയ്യഴി മഹാത്മാഗാന്ധി ഗവ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണെങ്കില്‍, അല്ലെങ്കില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ ആരെയെങ്കിലും പരിചയമുണ്ടെങ്കില്‍ ഈ വിവരം അവരുടെ ശ്രദ്ധയില്‍ പെടുത്തുക. സംഘടനയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍ :

പ്രസിഡന്റ് : ശ്രീ.സി.എച്ച്.പ്രഭാകരന്‍
‍സെക്രട്ടറി : അഡ്വക്കറ്റ് എം.സിദ്ധാര്‍ത്ഥന്‍
ട്രഷറര്‍ : ശ്രി.കെ.കെ.രാജീവന്‍.

പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോസ്റ്റിന് സ്വന്തം വിലാസം അടക്കം കമന്റിടുക.അല്ലെങ്കില്‍ mggacollege@yahoo.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക.

Friday, September 01, 2006

ഓണാശംസകള്‍

ഏവര്‍ക്കും ഹൃദ്യവും ആഹ്ലാദപ്രദവുമായ
ഓണം ആശംസിക്കുന്നു.
കോളേജിലെ ഓണാഘോഷത്തിന്‍‍റെ ഭാഗമായി നടന്ന
പൂക്കളമത്സരത്തില്‍‍ നിന്ന് ഒരു ചിത്രം

Friday, August 25, 2006

പ്രതിവാദി

വത്സലന്‍ വാതുശ്ശേരി

വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ടു കിടന്ന അനാഥവൃദ്ധനെ താങ്ങിയെടുത്ത്‌ വീട്ടിലേക്ക്‌ നടക്കെ കുഞ്ഞിരാമന്‍ ആത്മഗതം ചെയ്തു."ഇങ്ങനെയൊക്കെ ചെയ്യാന്‍ മനുഷ്യന്മാര്‍ക്ക്‌ എങ്ങനെ മനസ്സു വരുന്നു. മന:സാക്ഷി എന്നൊന്നില്ലേ അവന്മാര്‍ക്ക്‌".

ഭാര്യയുമായി കൂടിയാലോചിച്ച്‌ കുഞ്ഞിരാമന്‍ ഒരു തീരുമാനത്തിലെത്തി. ഈ വൃദ്ധന്‍ നമ്മുടെ കൂടെ നില്‍ക്കട്ടെ. ഉള്ളതെന്തോ അതിലൊരു പങ്ക്‌ അങ്ങേര്‍ക്കു കൊടുത്താല്‍ മതിയല്ലോ.

അത്താഴത്തിനു വെച്ച കഞ്ഞി മൂന്ന്‌ പങ്കാക്കി അതിലൊരു പങ്കുമായി കുഞ്ഞിരാമന്‍ ആ അഭയാര്‍ത്ഥിയെ സമീപിച്ചു.

കഞ്ഞിപ്പാത്രത്തിലേക്ക്‌ അതൃപ്തിയോടെ നോട്ടമെറിഞ്ഞുകൊണ്ട്‌ അയാള്‍ പറഞ്ഞു.

"രാത്രി ഞാന്‍ കഞ്ഞി കുടിക്കാറില്ല. ചപ്പാത്തിയും കോഴിയിറച്ചിയുമാ..."

കുഞ്ഞിരാമനും ഭാര്യയും ചേര്‍ന്ന്‌ അയാളെ വീണ്ടും വഴിവക്കില്‍ കൊണ്ടുപോയി കിടത്തി.

നേരം പുലര്‍ന്ന്‌ വാതില്‍ തുറക്കുമ്പോള്‍ മുറ്റം നിറയെ സമാധാനകാംക്ഷികളായ നാട്ടുകാരാണ്‌. അവര്‍ കുഞ്ഞിരാമനു നേര്‍ക്ക്‌ ആക്രോശിച്ചു. "മന:സാക്ഷിയെൊരു സാധനമില്ലേടാ നിനക്ക്‌. ഒന്നിനും വയ്യാത്ത ഈ പാവത്തെ വഴിയില്‍ കൊണ്ടുപോയിടാന്‍ എങ്ങനെ മനസ്സു വന്നു?"

Thursday, August 24, 2006

ഞങ്ങള്‍ മാഹി കോളേജിലെ മലയാളം വിദ്യാര്‍ത്ഥികള്‍ ബ്ലോഗിന്‍റെ ലോകത്തേക്ക് പ്രവേശിക്കുകയാണ്.
ഞങ്ങളെ സ്വാഗതം ചെയ്യുക