വത്സലന്‍ വാതുശ്ശേരി
വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ടു കിടന്ന അനാഥവൃദ്ധനെ താങ്ങിയെടുത്ത് വീട്ടിലേക്ക് നടക്കെ കുഞ്ഞിരാമന്‍ ആത്മഗതം ചെയ്തു."ഇങ്ങനെയൊക്കെ ചെയ്യാന്‍ മനുഷ്യന്മാര്‍ക്ക് എങ്ങനെ മനസ്സു വരുന്നു. മന:സാക്ഷി എന്നൊന്നില്ലേ അവന്മാര്‍ക്ക്".
ഭാര്യയുമായി കൂടിയാലോചിച്ച് കുഞ്ഞിരാമന്‍ ഒരു തീരുമാനത്തിലെത്തി. ഈ വൃദ്ധന്‍ നമ്മുടെ കൂടെ നില്‍ക്കട്ടെ. ഉള്ളതെന്തോ അതിലൊരു പങ്ക് അങ്ങേര്‍ക്കു കൊടുത്താല്‍ മതിയല്ലോ.
അത്താഴത്തിനു വെച്ച കഞ്ഞി മൂന്ന് പങ്കാക്കി അതിലൊരു പങ്കുമായി കുഞ്ഞിരാമന്‍ ആ അഭയാര്‍ത്ഥിയെ സമീപിച്ചു.
കഞ്ഞിപ്പാത്രത്തിലേക്ക് അതൃപ്തിയോടെ നോട്ടമെറിഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു.
"രാത്രി ഞാന്‍ കഞ്ഞി കുടിക്കാറില്ല. ചപ്പാത്തിയും കോഴിയിറച്ചിയുമാ..."
കുഞ്ഞിരാമനും ഭാര്യയും ചേര്‍ന്ന് അയാളെ വീണ്ടും വഴിവക്കില്‍ കൊണ്ടുപോയി കിടത്തി.
നേരം പുലര്‍ന്ന് വാതില്‍ തുറക്കുമ്പോള്‍ മുറ്റം നിറയെ സമാധാനകാംക്ഷികളായ നാട്ടുകാരാണ്. അവര്‍ കുഞ്ഞിരാമനു നേര്‍ക്ക് ആക്രോശിച്ചു. "മന:സാക്ഷിയെൊരു സാധനമില്ലേടാ നിനക്ക്. ഒന്നിനും വയ്യാത്ത ഈ പാവത്തെ വഴിയില്‍ കൊണ്ടുപോയിടാന്‍ എങ്ങനെ മനസ്സു വന്നു?"